ആലക്കോട്-മോറാനി യാത്രക്കാര്‍ ആശ്രയിക്കുന്ന അപകടനിലയിലുള്ള കോണ്‍ക്രീറ്റ് നടപ്പാലം.
ആലക്കോട്: മോറാനി, നെല്ലിക്കുന്ന്, ഗാന്ധിനഗർ പ്രദേശവാസികൾ യാത്രാദുരിതത്തിൽ. ഇവിടെനിന്നുള്ള കാൽനടയാത്രക്കാർ ആശ്രയിക്കുന്ന ആലക്കോട് പുഴയുടെ കോൺക്രീറ്റ് നടപ്പാലം അപകടനിലയിലാണിപ്പോൾ. വാഹനങ്ങളിൽ യാത്രചെയ്യുണമെങ്കിൽ ടൗൺ ചുറ്റി പള്ളിക്കടുത്ത പാലംവഴിവേണം. കുടിയേറ്റാരംഭംമുതലുള്ള നാട്ടുകാരുടെ മുറവിളിയിലാണ് രണ്ടുപതിറ്റാണ്ടുമുമ്പ് നടപ്പാലം പണിതത്.
ഇവിടെ നേരത്തേ വേനൽക്കാലത്ത് നടന്ന് പുഴകടന്നിരുന്ന ഭാഗം അടച്ചിരുന്നു. ഇതുമൂലം മഴക്കാലത്തും വേനലിലും നടപ്പാലമാണ് ആശ്രയം. ഇരുകരകളിൽനിന്നും കോൺക്രീറ്റ് സ്റ്റെപ്പ് നടന്നുകയറേണ്ടതിനാൽ ചുമടുമായിവരുന്നവരും വൃദ്ധരും മറ്റും വിഷമത്തിലാണ്. ഇപ്പോഴാകട്ടെ കൈവരികൾ പലഭാഗങ്ങളിലും അടർന്നുപോയിരിക്കുകയുമാണ്. ഈ പാലത്തിന് താഴെഭാഗത്ത് കൊട്ടാരംകടവിൽ നാട്ടുകാർ ചപ്പാത്തുപണിത് നടന്നുപോകാൻ സൗകര്യപ്പെടുത്തിയിരുന്നു. ശക്തമായ ഒഴുക്കിൽ അതിന്റെ കുറെഭാഗം തകർന്നു. മഴ കുറയുമ്പോഴേ ഇതുവഴി കടക്കാനാകൂ. കൊട്ടാരംകടവിൽ വാഹനങ്ങൾക്കുകൂടി കടന്നുപോകാവുന്ന തരത്തിലുള്ള കോൺക്രീറ്റ് പാലം പണിയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തും എം.എൽ.എ., എം.പി. ഉൾപ്പെടെ ജനപ്രതിനിധികളും ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



No comments