APP DOWNLOAD

TRENDING

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; പഴുതടച്ച അന്വേഷണവുമായി പോലീസ്; കവർച്ച മുതൽ തിരിച്ചു പിടിച്ചത് വിവിധ ജ്വല്ലറികളിൽ നിന്ന്


കണ്ണൂര്: പഴയങ്ങാടി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നടത്തിയ കവര്‍ച്ചയിലെ പ്രതികള്‍ 2013 ല്‍ പുതിയങ്ങാടിയിലെ വീട്ടില്‍ നിന്ന് കവര്‍ന്ന നാല്‍പ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തു. പുതിയങ്ങാടിയിലെ വീട്ടില്‍ നിന്ന് മൊത്തം 76 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിവിധ കേസുകളിലെ കവര്‍ച്ചാ മുതലുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.
അല്‍ഫത്തീബി ജ്വല്ലറി കവര്‍ച്ചാ കേസില്‍ മാടായി പോസ്റ്റ് ഓഫീസിന് സമീപം പന്തല്‍ അലങ്കാരപ്പണി നടത്തുന്ന കൊഞ്ഞന്റെ വളപ്പില്‍ നൗഷാദ് (36), ചെറുകിട കച്ചവടവും ഭൂമിയിടപാടും നടത്തുന്ന പുതിയങ്ങാടി മൊട്ടാമ്പ്രം ബെദയില്‍ സ്വദേശി അഞ്ചരപ്പാട്ടില്‍ റഫീഖ് (43) എന്നിവര്‍ ഒരു ജ്വല്ലറി കവര്‍ച്ചാശ്രമം ഉള്‍പ്പെടെ ഒമ്പത് കവര്‍ച്ചകള്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് നല്‍പ്പതു പവന്‍ കണ്ടെടുത്തത്. രണ്ടുദിവസം കൂടി കസ്റ്റഡിയിലുണ്ടാകും. പ്രതികള്‍ മോഷ്ടിച്ച ഗൃഹോപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പുതിയങ്ങാടി ജിന്ന് റോഡിലെ വീട്ടില്‍ നിന്ന് കവര്‍ന്ന 81 പവന്‍ ഉള്‍പ്പെടെ വിവിധ കവര്‍ച്ചകളിലായി 163 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ കവര്‍ന്നിട്ടുണ്ട്.
ബാക്കിയുള്ള സ്വര്‍ണ്ണം തിരിച്ചുപിടിക്കൂന്നതിനായുള്ള അന്വേഷണത്തിനായി പ്രതികളെ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. ജൂണ്‍ എട്ടിനാണ് അല്‍ഫത്തീബി ജ്വല്ലറി ഉടമ എപി. ഇബ്രാഹിമും ജീവനക്കാരും വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പോയ സമയത്ത് ഉച്ചയ്ക്ക് കവര്‍ച്ച നടക്കുന്നത്. പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്. ദിവസങ്ങള്‍ക്കകം തന്നെ കവര്‍ച്ച തെളിയിച്ച് പ്രതികളെ വലയിലാക്കിയ അന്വേഷണ സംഘം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും പഴയങ്ങാടി എസ്.ഐ ബിനു മോഹന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു കേസുള്‍പ്പെടെ തെളിയിക്കാനായത് ശ്രദ്ധേയമായി. സ്‌കൂട്ടറിലെത്തി കവര്‍ച്ച നടത്തിയ സംഘം പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ വരെ പോയശേഷം റഫീഖിന്റെ കാറിലാണ് പിന്നീട് മോഷണ മുതല്‍ കടത്തിയത്. കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും റഫീഖും നൗഷാദും തുല്യമായി വീതിച്ചെടുത്തു. സ്വര്‍ണ്ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. 2.880 കിലോ സ്വര്‍ണ്ണമാണ് പ്രതികള്‍ അല്‍ഫത്തീബിയില്‍ നിന്ന് കവര്‍ന്നത്.

No comments