APP DOWNLOAD

TRENDING

കണ്ണൂർ ജയിലിൽ സിപിഎം തടവുകാ‍ർ പിരിവിട്ടു രഹസ്യമായി ടിവി വാങ്ങി

കണ്ണൂ‍ർ∙ സെൻട്രൽ ജയിലിൽ സിപിഎം തടവുകാരുടെ നേതൃത്വത്തി‍ൽ പണപ്പിരിവു നടത്തി ടിവി വാങ്ങി. ടിവി അകത്തേക്കു കടത്തിയതു യൂണിയൻ ഭാരവാഹിയായ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണെന്നും, പഴയ മോഡൽ ടിവിക്കുള്ളിൽ വച്ചു ലഹരിവസ്തുക്കളും അകത്തെത്തിച്ചതായും സംശയമുണ്ട്. പണപ്പിരിവി‍ൽ വെട്ടിപ്പു നടന്നതായി പരാതി ഉയർന്നതോടെ സെൻട്രൽ ജയിൽ സൂപ്രണ്ട് ടിവി പിടിച്ചെടുത്തു.കണ്ണൂർ സെൻട്രൽ ജയിലിൽ പാർട്ടി തടവുകാർ ഒന്നിച്ചു കഴിയുന്ന ഒന്നാം ബ്ലോക്കിലാണു സംഭവം. ജയിൽ വകുപ്പു മേധാവിയുടെ അനുമതിയോടെ മാത്രമേ ജയിലിൽ ടിവി വാങ്ങാവൂ. മാത്രമല്ല, സെൻട്രൽ ജയിലിലെ എല്ലാ ബ്ലോക്കുകളിലും നിലവിൽ ടിവി ഉണ്ടുതാനും. എന്നാ‍ൽ, ഇരുനൂറോളം തടവുകാരുള്ള മൂന്നാം ബ്ലോക്കിൽ ഒരു ടിവി കൂടി വേണമെന്ന് ആവശ്യമുയർന്നിരുന്നു.

സിപിഎം തടവുകാർ തന്നെ അതിനു വഴിയും കണ്ടെത്തി. ടിവി വാങ്ങുവാൻ ആവശ്യമായ പണം തടവുകാർ വീട്ടിലേക്ക് അയയ്ക്കുക, എല്ലാവരുടെയും വീട്ടിൽ നിന്നു പണം ശേഖരിച്ചു ടിവി വാങ്ങാൻ ജയിലിനു പുറത്ത് ഒരാളെ ചുമതലപ്പെടുത്തുക. തടവുകാർ ജയിലിനുള്ളിൽ ജോലി ചെയ്തു കിട്ടുന്ന കൂലിയുടെ 50 ശതമാനം വീട്ടിലേക്ക് അയയ്ക്കാൻ അനുമതിയുമുണ്ട്. ഇങ്ങനെ കഴിഞ്ഞ മാസം അയച്ച തുക പിരിക്കാൻ ജയിലിനു പുറത്ത് ആളെ നിയോഗിക്കുകയും അയാൾ ടിവി വാങ്ങുകയും ചെയ്തു. പാർട്ടി അനുഭാവിയും യൂണിയൻ ഭാരവാഹിയുമായ ഉദ്യോഗസ്ഥന്റെ അനുമതി കൂടി ലഭിച്ചതോടെ ടിവി എളുപ്പത്തിൽ അകത്തെത്തി.

ഒന്നാം ബ്ലോക്കിൽ പുതിയ ടിവി പ്രവർത്തിച്ചു തുടങ്ങിയതു പല ഉദ്യോഗസ്ഥരും അറിഞ്ഞതുമില്ല. പിരിവു നടത്തിയതി‍ൽ തിരിമറി നടന്നുവെന്നു തടവുകാർ തന്നെ പരാതിപ്പെട്ടതോടെയാണു സംഭവം അധികൃതരുടെ ശ്രദ്ധയി‍ൽ പെട്ടത്. അൻപതിനായിരം രൂപയോളം പിരിച്ചെന്നും എന്നാൽ അതിന്റെ പകുതിപോലും വിലയില്ലാത്ത ടിവിയാണ് എത്തിച്ചതെന്നുമായിരുന്നു തടവുകാരുടെ പരാതി.

സൂപ്രണ്ട് ടിവി പിടിച്ചെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ഒന്നാം ബ്ലോക്കിൽ നടന്ന പിരിവും ഉദ്യോഗസ്ഥന്റെ പങ്കും വെളിപ്പെട്ടത്. കനംകുറഞ്ഞ പുതിയ മോ‍‍ഡൽ എൽഇഡി, എൽസിഡി ടിവികൾ വാങ്ങാതെ, തടിച്ച പഴയ മോ‍ഡൽ ടിവിയാണ് ഒന്നാം ബ്ലോക്കിലെത്തിയത്. അതിനകത്തു വച്ചു ലഹരിവസ്തുക്കളോ മറ്റു നിരോധിത സാധനങ്ങളോ ജയിലിലേക്കു കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

No comments