APP DOWNLOAD

TRENDING

എംപി മാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി നാളെ തുടങ്ങും

കൊച്ചി: എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കാനുള്ള പ്രത്യേക കോടതി നാളെ പ്രവർത്തനമാരംഭിക്കും. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തനമാരംഭിക്കുന്ന പ്രത്യേക കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹൻ നിർവഹിക്കും.
സുപ്രീംകോടതി നിർദ്ദേശ പ്രകാരം ഓരോ സംസ്ഥാനത്തും ഒരു കോടതി വീതം സ്ഥാപിക്കും. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ പദവിയാണ് പ്രത്യേക കോടതിയ്ക്ക് നൽകിയിട്ടുള്ളത്. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയെത്തുടർന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
സംസ്ഥാനത്തെ ഇത്തരത്തിലുള്ള മുഴുവൻ കേസുകളും ഇനി കൊച്ചിയിലേക്ക് മാറ്റും. സംസ്ഥനത്ത് മൊത്തം 173 കേസുകളാണ് നിലവിലുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചെറിയ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസുകളാണ്.
കൊലക്കേസ്, ബലാത്സംഗം, സ്ത്രീപീഡനം തുടങ്ങി സെഷൻസ് കോടതിയ്ക്ക് മാത്രം പരിഗണിക്കാൻ അധികാരമുള്ള കേസുകൾ പ്രത്യേക കോടതി പരിഗണിച്ച ശേഷം കൊച്ചിയിലെ തന്നെ സെഷൻസ് കോടതിയിലേക്ക് മാറ്റും. സെഷൻസ് കോടതി പരിഗണിക്കേണ്ട നാല് കേസുകൾ മാത്രമേ സംസ്ഥാനത്ത് നിലവിലുള്ളൂ.

No comments