APP DOWNLOAD

TRENDING

കേന്ദ്രസർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ സിപിഐ എം ജനമുന്നേറ്റ ജാഥ പ്രയാണം തുടരുന്നു




കണ്ണൂർ:കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടിയും നാടിനെ വർഗീയവൽക്കരിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ചും സിപിഐ എം നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥകളുടെ പ്രയാണം. ജനജീവിതം കൂടുതൽ ദുഷ‌്കരമാക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രതിലോമ നയങ്ങൾക്കും വർഗീയ ചേരിതിരിവിനുമുള്ള വിചാരണയാവുകയാണ‌് അസംബ്ലി മണ്ഡലംതലത്തിലുള്ള ജാഥകൾ.
ഇന്ധനവിലക്കയറ്റവും പൊതുമേഖലാസ്ഥാപനങ്ങളുടെ  തകർച്ചയും കോർപറേറ്റ‌് പ്രീണനവുമെല്ലാം ചേർന്ന കേന്ദ്രനയം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന‌് ജാഥ തുറന്നുകാട്ടുന്നു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി മറയാക്കി കേരളത്തിൽ വർഗീയകലാപത്തിന‌് വഴിമരുന്നിടാനുള്ള സംഘപരിവാരത്തിന്റെയും കോൺഗ്രസിന്റെയും നീക്കങ്ങളെയും ജാഥ തുറന്നുകാട്ടുന്നു.


നവോത്ഥാനത്തിലൂടെ ജാതിമത വർഗീയതയുടെ മുനയൊടിച്ച നാടിനെ വീണ്ടും ഇരുണ്ടകാലത്തേക്ക‌് വഴിതിരിച്ചുവിടാനുള്ള കുത്സിത നീക്കങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പായും ജാഥ മാറി. ജാഥാപര്യടനത്തിനിടെ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ഇരുട്ടിലേക്ക‌്  നയിക്കുന്ന ശക്തികളുടെ നീക്കങ്ങളെ പൊളിക്കുന്നതാണ‌്.
നൂറുകണക്കിനാളുകളാണ‌് എങ്ങും സ്വീകരണത്തിന‌് എത്തുന്നത‌്. കേന്ദ്രസർക്കാരിന്റെ ദുർനയങ്ങൾകാരണം  ജീവിതം ദുസ്സഹമായ എല്ലാവിഭാഗം ജനങ്ങളും ജാഥയെ ആവേശത്തോടെയാണ‌് വരവേൽക്കുന്നത‌്. തളിപ്പറമ്പ‌്, കല്യാശേരി, തലശേരി അസംബ്ലി മണ്ഡലങ്ങളിലെ ജാഥകളാണ‌് വെള്ളിയാഴ‌്ച പര്യടനം തുടങ്ങിയത‌്. സി കൃഷ‌്ണൻ എംഎൽഎ നയിക്കുന്ന പയ്യന്നൂർ ജാഥയ‌്ക്ക‌് ശനിയാഴ‌്ച തുടക്കമാകും.
വ്യാഴാഴ‌്ച  ഒളവിലം നാരായണൻ പറമ്പിൽ  ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്ത തലശേരി ജാഥ വെള്ളിയാഴ‌്ച  രാമകൃഷ്ണസ‌്കൂൾ പരിസരത്തുനിന്നും പര്യടനം തുടങ്ങി. എ എൻ ഷംസീർ എംഎൽഎ ജാഥാ ലീഡറും തലശേരി ഏരിയാ സെക്രട്ടറി എം സി പവിത്രൻ മാനേജറുമായ ജാഥ ഒന്നാം ദിവസം പത്ത് കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം നിടുമ്പ്രം വയലിൽ പീടികയിൽ സമാപിച്ചു.
ടി വി രാജേഷ് ക്യാപ‌്റ്റനും  പി പി ദിവ്യ വൈസ‌് ക്യാപ‌്റ്റനുമായ    കല്യാശേരി മണ്ഡലം  ജാഥ  വെള്ളിയാഴ്ച  ആലക്കാട്  തുടങ്ങി പിലാത്തറയിൽ സമാപിച്ചു.  സംസ്ഥാന കമ്മിറ്റിയംഗം ജെയിംസ് മാത്യു എംഎൽഎ നയിക്കുന്ന തളിപ്പറമ്പ് മണ്ഡലം ജാഥ വെള്ളിയാഴ‌്ച മണിക്കലിൽനിന്നും ആരംഭിച്ച് എട്ടുകേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കാഞ്ഞിരങ്ങാട് സമാപിച്ചു.
19ന‌് കണ്ണൂർ, അഴീക്കോട‌് ജാഥകൾക്ക‌് തുടക്കമാകും. 20ന‌് മട്ടന്നൂർ, ധർമടം, പേരാവൂർ  ജാഥകളും തുടങ്ങും. 26ന‌് കുത്തുപറമ്പ‌്, ഇരിക്കൂർ ജാഥകളും 27ന‌് മാഹി ജാഥയും ആരംഭിക്കും.

No comments