കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരം; കോഴിക്കോടും കണ്ണൂരും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
കണ്ണൂർ: റിസര്‍വേഷന്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരം. സംസ്ഥാന വ്യാപകമായിട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോടും ഡിപ്പോയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു.
അതേസമയം, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം മാറ്റിവെച്ചെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്നാല്‍, കുടുംബശ്രീ അംഗങ്ങളെ റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി ഏല്‍പിക്കില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രശ്‌നപരിഹാരത്തിന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകള്‍ ഇന്ന് ചര്‍ച്ച നടത്തും.
ഇതിനിടെ, തിരുവനന്തപുരത്തെ ഉപരോധ സമരത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.



No comments