കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അവസാനമെന്ന് സൂചന: ആദ്യഘട്ടത്തില്‍ ഏഴ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ്; വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള ഷെഡ്യൂള്‍ തയ്യാര്‍
മട്ടന്നൂര്:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത മാസം അവസാനം നടക്കും. വിമാനത്താവളത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ തയ്യാറായി. തീയതിയും സമയവും നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ ഒക്ടോബര്‍ 29 ന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.
ആദ്യഘട്ടത്തില്‍ അബുദാബി അടക്കമുള്ള ഏഴ് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങുക. ദിവസത്തില്‍ മൂന്ന് സര്‍വീസ് നടത്തുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകും. പരിശോധനയില്‍ തടസ്സങ്ങളുണ്ടായാല്‍ ഷെഡ്യൂളില്‍ മാറ്റങ്ങളും ഉണ്ടാകും.
അതേസമയം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനായുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന ഈ മാസം 17 മുതല്‍ 19 വരെ നടക്കും. 200 പേരെ കയാറ്റാവുന്ന യാത്രാ വിമാനം ഇറക്കി പരിശോധനയും നടത്തും. ഇതു സംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ കിയാല്‍ അധികൃതരെ പങ്കെടുപ്പിച്ച് സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തല്‍ നടക്കുന്ന ചര്‍ച്ചയില്‍ ധാരണയുണ്ടാകും.



No comments