മധുവിനെ ക്രൂരമായി മര്‍ദിച്ചത് നാട്ടുകാരായ ഏഴു പേര്‍; അടിക്കുകയും ചവിട്ടുകയും ചെയ്തത് കള്ളനെന്ന് വിളിച്ച്; മരിക്കും മുന്‍പ്, പേരുകള്‍ സഹിതം മൊഴി നല്‍കി മധു; പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റി
Posted on February 23, 2018
പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരായ ഏഴു പേര്‍ ചേര്‍ന്നാണ് ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് എഫ്‌ഐആര്‍.
കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മരിക്കും മുന്‍പ്, മധു പൊലീസിന് മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നു. കാട്ടില്‍ നിന്നാണ് നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടു വന്നത്. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്നും മധു മൊഴി നല്‍കി.
ഇതില്‍ മുക്കാലിയിലെ കടയുടമയായ ഹുസൈന്‍, കരീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ബന്ധുക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റി. സംഭവത്തില്‍ ഉത്തരവാദികളായ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വന്‍പ്രതിഷേധമാണ് നടക്കുന്നത്.
നിരവധി ആദിവാസി സംഘടനകളും പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഗളി ആശുപത്രിക്ക് മുമ്പില്‍ വഴി തടയല്‍ സമരവും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു. അഗളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപമാണ് ആംബുലന്‍സ് തടഞ്ഞത്.
തൃശൂര്‍ ഐജിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടന്‍ പിടികൂടാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും പട്ടികജാതി പട്ടികവര്‍ഗ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


No comments