APP DOWNLOAD

TRENDING

പറശിനിക്കടവില്‍ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു


തളിപ്പറമ്പ്:  പമ്പ്ഹൗസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തി കണ്ണപൂരം ചെറുകുന്ന് സ്വദേശി കൊട്ടോടി ദാമോദരനാണെന്ന് പോലീസിന് സൂചന ലഭിച്ചു. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് പിറകില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ കണ്ണപൂരം പെട്രോള്‍പമ്ബിന് സമീപത്താണ് താമസം.
വര്‍ഷങ്ങളായി കുടുംബവുമായോ ബന്ധുക്കളുമായോ കാര്യമായ ബന്ധങ്ങളില്ലാതെ ജീവിച്ച കൊട്ടോടി ദാമോദരന്‍ ഏറെക്കാലം പറശിനിക്കടവ് ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞ് ജീവിക്കുകയായിരുന്നു. കുറച്ചുകാലം എടിഎം കാവല്‍ക്കാരനായി പ്രവര്‍ത്തിച്ച ദാമോദരനെ കുറിച്ച്‌ കുറേക്കാലമായി വിവരങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കളും പറശിനിക്കടവില്‍ ഇയാള്‍ ബന്ധപ്പെട്ടിരുന്നവരും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇതേവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ല.
ഇന്ന് രാവിലെ ബന്ധുക്കളെ കാണിച്ചശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ പറഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് ഒരു വര്‍ഷത്തോളം പഴക്കമുള്ള പുരുഷന്റെ ദ്രവിച്ച മൃതദേഹം അടച്ചുപൂട്ടിയ പമ്ബ്ഹൗസ് ഷെഡില്‍ കാണപ്പെട്ടത്. പറശിനിക്കടവ് ബസ്റ്റാന്റിനടുത്തുള്ള കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ ഒഴിഞ്ഞ പറമ്ബിലെ പമ്ബ് ഹൗസ് ഷെഡിലാണ് മൃതദേഹം കണ്ടത്.
പി.എം.പുഷ്പജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷെഡ്. ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്‌ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. അകത്തുനിന്നും അടച്ച നിലയിലായിരുന്ന വാതിലിന്റെ കതക് ബലമായി തുറന്ന് കത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചത് പ്രകാരമാണ് തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്.

No comments