തളിപ്പറമ്പിലെ മോഷണശ്രമം; മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു
തളിപ്പറമ്പ്: ദേശീയപാതയോരത്തെ മെട്രോ മെഷീന്‍ ടൂള്‍സിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. മോഷ്ടാക്കളുടെ സിസിടിവി കാമറാ ദൃശ്യം പോലീസ് ഇന്ന് പുറത്തുവിട്ടു. മഞ്ഞ കലര്‍ന്ന വസ്ത്രം ധരിച്ച ഇവരില്‍ ചുറ്റിക പിടിച്ച ഒരാളുടെ മുഖം ഉള്‍പ്പെടെ വ്യക്തമായി കാണുന്നുണ്ടെങ്കിലും പിന്നിലുള്ളയാള്‍ മുഖംമൂടി ധരിച്ച നിലയിലാണ്. പോലീസിന്റെ ലിസ്റ്റിലുള്ള മോഷ്ടാക്കളുടെ ഫോട്ടോകള്‍ വെച്ച് പരിശോധിച്ചെങ്കിലും അവരിലാരുമല്ലെന്ന് വ്യക്തമായിട്ടുണ്ട്. അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
18 ന് പുലര്‍ച്ചെ ഏഴാംമൈല്‍ എടിഎം കവര്‍ച്ചാ ശ്രമത്തിന് പിന്നിലും ഇതേ സംഘമാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. 20 ന് പുലര്‍ച്ചെയാണ് മെട്രോ മെഷീന്‍ ടൂള്‍സ് എന്ന കടയുടെ പിന്‍ഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ക്കാതെ വശങ്ങള്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. പുലര്‍ച്ചെ 3.45 വരെ രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. തളിപ്പറമ്പിലെ മുഹമ്മദ് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള മെട്രോ മെഷീന്‍ ടൂള്‍സില്‍ നിന്നും കവര്‍ച്ച നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ മോഷ്ടിക്കാനാണ് സംഘം ശ്രമിച്ചതെന്നാണ് പോലീസിന്റെ അനുമാനം. നേരം പുലര്‍ന്നു തുടങ്ങിയതിനാലാകാം ശ്രമം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. രാത്രികാലങ്ങളില്‍ നഗരത്തില്‍ അടുത്തകാലത്തായി പോലീസ് സാന്നിധ്യം കുറഞ്ഞതാണ് മോഷ്ടാക്കള്‍ക്ക് തുണയായി മാറിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.



No comments