ഗോവയ്ക്ക് സമനിലപ്പൂട്ട്, ബ്ലാസ്റ്റേഴ്‌സിന് സന്തോഷം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയ എഫ്‌സി ഗോവയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. പിന്‍നിരക്കാരായ ഡെല്‍ഹി ഡൈനാമോസ് 1-1നാണ് ഗോവക്കാരെ പിടിച്ചുകെട്ടിയത്. സമനിലയോടെ 15 മത്സരങ്ങളില്‍ 21 പോയിന്റായി ഗോവയുടെ സമ്പാദ്യം. ഡെല്‍ഹി പിടിച്ച സമനില ഫലത്തില്‍ ബ്ലാസ്റ്റേഴ്‌സിനെയാണ് കൂടുതല്‍ സന്തോഷിപ്പിക്കുക. ഇനി ഒരു സമനില കൂടി ഗോവ വഴങ്ങിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ ഗോവയുടെ വെല്ലുവിളി അവസാനിക്കും. പക്ഷേ ബ്ലാസ്റ്റേഴ്‌സ് രണ്ടു കളിയും ജയിക്കണമെന്ന് മാത്രം. ഒരാഴ്ച്ച മുമ്പു വരെ പുറത്താകലിന്റെ വക്കിലായിരുന്ന മഞ്ഞപ്പടയ്ക്ക് മുന്നില്‍ ഇപ്പോള്‍ കടലോളം സാധ്യതകള്‍ തുറന്നു കിടക്കുകയാണ്.
ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ പോരാട്ടത്തിന് ഫത്തോഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലിറങ്ങിയ ഡെല്‍ഹി ഡൈനാമോസ് ഗോവയ്ക്ക് തുടക്കം മുതല്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ലീഗിന്റെ തുടക്കത്തില്‍ മിന്നും ഫോമിലായിരുന്ന ഗോവ അവസാന നാലു മത്സരങ്ങളും ജയിക്കാനാവാത്തതിന്റെ ടെന്‍ഷനിലും. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ റോമിയോ ഫെര്‍ണാണ്ടസും അരാനയും ഗോവന്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കളി പുരോഗമിക്കുംന്തോറും ഗോവ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നതാണ് കണ്ടത്. ആദ്യ പകുതിയില്‍ ഒന്നു രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരുകൂട്ടരും വലകുലുക്കുന്നതില്‍ പരാജയപ്പെട്ടു.
രണ്ടാം പകുതിയില്‍ രണ്ടും കല്പിച്ചിറങ്ങിയ ഗോവയെയാണ് കണ്ടത്. നീക്കങ്ങള്‍ക്ക് കൂടുതല്‍ ചടുലതയും മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ തീഷ്ണതയും കൈവന്നു. അന്‍പത്തിമൂന്നാമത്തെ മിനിറ്റില്‍ ഗോവയ്ക്ക് ഇതിന് ഫലവും ലഭിച്ചു. എഡു ബേഡിയയുടെ പാസില്‍ നിന്ന് ഹ്യൂഗോ ബൂമസ് വലകുലുക്കി. ഗോവ 1-0ത്തിന് മുന്നില്‍. 62മത്തെ മിനിറ്റില്‍ ഗോവയ്ക്ക് തിരിച്ചടിയായി എഡു ബേഡിയയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ പൂനെയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ താരത്തിന് കളിക്കാനുമാകില്ല. ഗോവ വിജയം ഉറപ്പിച്ചെന്ന് കരുതിയ സമയത്താണ് കാലു ഉച്ചെയിലൂടെ ഡെല്‍ഹി സമനില ഗോള്‍ കണ്ടെത്തുന്നത്. എണ്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു ഉച്ചെയുടെ ഗോള്‍.



No comments